തൊടിയിലെ കാക്കകള്‍
കറുകറെ കറുത്തും
കാറൊക്കരഞ്ഞും
അനാഥന്‍റെ ബലിയന്നത്തിനു
നൊട്ടിനുണച്ചാര്‍ത്തും
തണുത്തൊരുവാക്കിനു കാതോര്‍ത്തും
പിണഞ്ഞുനോക്കിയും.
ഞാന്‍ , ആകാശച്ചെരിവിലൊരു
കണ്ണീരിന്‍റെ ചിത്രം
തൂക്കിയിടുന്നു.
പുറത്തുമഴ, കാഴ്ചകള്‍
നനച്ചും ചാഞ്ഞുപെയ്തും
നഗരവിരസതയിലേക്കു
വെള്ളം തെറിപ്പിച്ചും
മനസിനെയപ്പാടെ
വിജനമാക്കിയും.
തിളച്ചചുടുകുടിചുമരിച്ച
ഉറുന്പിന്‍റെ ജഡമൊഴുക്കിവിടാന്‍
ഞാന്‍ , മഴനനഞ്ഞുനിന്നൊരു
കടലാസുവഞ്ചിയിറക്കുന്നു.
രാത്രിയിരുട്ട് വകഞ്ഞേതോ
കുഞ്ഞ് ഉറക്കത്തിലാവാം
നീറിപ്പുകഞ്ഞും ഉറക്കെക്കരഞ്ഞും
തെരുവിന്‍റെ ഉറക്കം കെടിത്തിയും
ഏതോ താരാട്ടിനു കാത്തും
സാന്ത്വനം പുരണ്ടൊരു
വാക്കിനു വിശന്നും.
ഏതു കുഞ്ഞാവാം കരഞ്ഞതെന്നു
തിരഞ്ഞു ഞാനെന്‍റെ മനസിന്‍റെ
ഇരുള്‍ വീണ ഊടുവഴികളിറങ്ങുന്നു.
പൂക്കള്‍ക്കു മേലൊരു വണ്ട് മധു തിരഞ്ഞും
മഹാകാലത്തിന്‍റെ കണ്ണികള്‍ വിളക്കിയൂം
അഴകിന്‍റെ ആനന്ദവുമായി ഒരു തുന്പ.
വാലിട്ടു കണ്ണെഴുതി ശംഖുപുഷ്പം.
രാവിനെയാകെ മണപ്പി, ച്ചൊരു കൈത.
ഞാന്‍ ഏതോ പൂവിതളില്‍
ഒരു നക്ഷത്രം വരച്ചിടുന്നു.
ആളുപേക്ഷിച്ച കടവിലാരോ നേരം തെറ്റി
കടത്തു തോണിക്കു കാത്തും
ഇരുട്ടിലെന്തോ പിറുപിറുത്തും
ആര്‍ക്കോ വേണ്ടി മിന്നുന്നകൊള്ളിയാന്‍
എത്തിപ്പിടിക്കാന്‍ വെറുതെ വെന്പിയും
മനസു മുഷിഞ്ഞും വയറു കാഞ്ഞും.
ഞാന്‍ , ഇരുട്ടില്‍
സ്വന്തം ജഡത്തിനു
കാവലിരിക്കുന്നു.
*****************************
*****************************
തൊണ്ടയിലെ ഈ മുള്ള്
വാതില്‍ക്കല്‍
മുഖമൊളിപ്പിക്കുന്നത്
ആരുമാവാം, പക്ഷെ
കാറ്റെന്നെപറയാവൂ.
മനസിലേക്കൊരു
വിരല്‍ നീട്ടുന്നത് മരണമാവാം, പക്ഷെ
ഓര്‍മയെന്നെ പറയാവൂ.
കരളിലേക്കൊരു
മൂര്‍ച്ചയിറക്കുണ്ട്
കാലമാവാം, പക്ഷെ
കാമമെന്നേ പറയാവൂ.
കൊറ്റിയുടെ മുഖമെന്നു
മനസിലുണ്ടിപ്പോള്‍.
വരിഞ്ഞുമുറുകിയ
ഒരു മീന്‍കുഞ്ഞ്
തൊണ്ടയില്‍ പരതുന്നു.
കഴുത്തില്‍ കയര്‍ മുറുകിയ
ഒരുപുഴയുടെ ശബ്ദവിലാപം
തൊണ്ടയിലിഴയുന്നു, പക്ഷെ,
മുള്ളെന്നെ പറയാവൂ.
ആകാശത്ത് ആര്‍ക്കോ
വേണ്ടിയൊരു വെടിയൊച്ച.
'അരുത് കാട്ടാളാ'
എന്നേ പറയാവൂ.
അകത്തെന്നുമെന്തോ
മുറിയുന്നു, പക്ഷെ
ആത്മഗതമെന്നെ പറയാവൂ.
വരും വരുമൊരു നാളൊരു
കുറുനരി എന്നെ
സമാധാനിക്കാവൂ.
***********************
Saturday, 3 January 2009
Subscribe to:
Posts (Atom)